ബ്രിട്ടണില്‍ ഇത് മാറ്റത്തിന്റെ തുടക്കം: നിയുക്ത പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍
Friday, July 5, 2024 5:16 PM IST
ലണ്ടന്‍: ബ്രിട്ടണില്‍ ഇത് മാറ്റത്തിന്റെ തുടക്കമാണെന്നും രാജ്യത്തിന് പതിനാല് വര്‍ഷത്തിന് ശേഷം അതിന്റെ ഭാവി തിരിച്ചുകിട്ടിയെന്നും നിയുക്ത പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ കെയ്ര് സ്റ്റാര്‍മര്‍. നമ്മള് വിജയത്തിനായി പണിചെയ്തു,വിജയത്തിനായി പോരാടി, ഇപ്പോള്‍ വിജയം നമ്മള് നേടിയെടുത്തുവെന്നും പാര്‍ട്ടിപ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും കൂടിയാണ് ഈ വിജയം ലഭിച്ചെതെന്നും നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. ഇനിയുള്ള ദിനങ്ങള്‍ പ്രതീക്ഷകളുടേതാണെന്നും നമുക്ക് ഒരുമിച്ച് രാജ്യത്തിനായി പ്രവര്‍ത്തിക്കാമെന്നും സ്റ്റാര്‍മര്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണമാണ് ഇതോടെ അവസാനിച്ചത്. റിഷി സുനക്കിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്.