കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ അഞ്ച് പ്രതിനിഥികളെ നോമിനേറ്റ് ചെയ്തു
Thursday, July 4, 2024 10:42 PM IST
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിലേക്ക് അഞ്ചു പേരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്തു.നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു അധ്യാപക പ്രതിനിധിയെയുമാണ് നോമിനേറ്റ് ചെയ്തത്.
അധ്യാപക പ്രതിനിധിയായി തോന്നക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ സുജിത്ത് എസിനെയാണ് ഗവർണർ നിർദേശിച്ചത്. വിദ്യാർഥികളുടെ പ്രതിനിഥികളായി കേരള സർവകലാശാലയിലെ ഹ്യുമാനിറ്റീസ് വിഭാഗം ഗവേഷക ദേവി അപർണ ജെ.എസ്, കാര്യവട്ടം കാമ്പസിലെ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാർഥി കൃഷ്ണപ്രിയ ആർ, പന്തളം എൻഎസ്എസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥി രാമാനന്ദ് ആർ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ബിരുദ വിദ്യാർഥി ജി.ആർ.നന്ദന എന്നിവരാണ്.
നേരത്തെ സെനറ്റിലേക്കുളള ഗവർണറുടെ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്റെ ശുപാർശ ഇല്ലാതെ ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്.