ബിഹാറിൽ മൂന്ന് പാലങ്ങൾ കൂടി തകർന്നു; ആളപായമില്ല
Thursday, July 4, 2024 7:25 AM IST
പാറ്റ്ന: ബിഹാറിൽ മൂന്ന് പാലങ്ങൾ കൂടി തകർന്നു. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടാകുന്ന ഒൻപതാമത്തെ സംഭവമാണിത്.
സരൺ, സിവാൻ ജില്ലകളിലാണ് മൂന്ന് പാലങ്ങൾ തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഒറ്റ ദിവസം കൊണ്ട് നാല് പാലങ്ങൾ തകർന്നെന്നും മുഖ്യമന്ത്രിയും ജനപ്രതിനിധികളും മൗനം പാലിക്കുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ ഉടൻ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ വകുപ്പിനും (ആർസിഡി) റൂറൽ വർക്ക്സ് വകുപ്പിനും (ആർഡബ്ല്യുഡി) നിർദേശം നൽകി.
ബുധനാഴ്ച സിവാനിലും സരണിലും തകർന്ന പാലങ്ങളുടെ ചില ഭാഗങ്ങൾ വളരെ പഴക്കമുള്ളവയായിരുന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു.