കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു
Thursday, July 4, 2024 4:53 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ ആണ് മരിച്ചത്.
മൃദുൽ ജൂൺ 24 മുതൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെയായി മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്.