ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് കേസ്; ഒത്തുതീർപ്പാക്കി
Wednesday, July 3, 2024 5:19 PM IST
തിരുവനന്തപുരം: ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പാക്കി. പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരനായ ഉമർ ശരീഫ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കും. പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു എന്ന് പരാതിക്കാരൻ പറയുന്നു.
ബാധ്യത മറച്ചുവച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഭൂമി വില്ക്കാന് ശ്രമിച്ചെന്നായിരുന്നു കേസ്. പരാതിയുമായി തിരുവനന്തപുരം സ്വദേശി ഉമർ ശരീഫ് ആണ് രംഗത്തെത്തിയത്.
പണം തിരികെ കൊടുക്കാന്‍ ഡിജിപി തയാറായില്ലെങ്കില്‍ വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് കേസുമായി മുന്നോട്ട് പോകാന്‍ ഒരുക്കമാണെന്നും പരാതിക്കാരന് പ്രതികരിച്ചിരുന്നു.
നെട്ടയത്തുള്ള പത്ത് സെന്റ് ഭൂമിയുടെ ക്രയവിക്രയങ്ങളാണ് വിവാദമായത്. ഡിജിപിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നാണ് ഹര്ജിക്കാരന് പറഞ്ഞത്. അഞ്ച് ലക്ഷം രൂപ ഡിജിപിയുടെ ചേമ്പറിലെത്തി കൈമാറി. 25 ലക്ഷം ബാങ്ക് മുഖേന ഡിജിപിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നല്കി.
30 ലക്ഷം രൂപ നല്കിയ ശേഷമാണ് വസ്തുവിന്റെ ബാധ്യതാ വിവരങ്ങള്‍ അറിഞ്ഞത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിന്മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷമായി തരുന്നില്ലെന്നായിരുന്നു പരാതി.