ഇനിയും 20 വര്ഷം എൻഡിഎ ഭരിക്കുമെന്ന് പ്രധാനമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Wednesday, July 3, 2024 2:28 PM IST
ന്യൂഡൽഹി: അടുത്ത 20 വർഷവും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വർഷത്തെ ഭരണം വെറും ട്രെയിലർ മാത്രമാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വികസിത ഭാരതവും ആത്മനിർഭർ ഭാരതും രാജ്യം തിരിച്ചറിഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വർഷം എൻഡിഎ സർക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സർക്കാരിന്റെ സുപ്രധാന കാര്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും മോദി പറഞ്ഞു.
ഭരണഘടനയാണ് തങ്ങളുടെ ഊർജമെന്ന് പറഞ്ഞ മോദി പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവർക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും കുറ്റപ്പെടുത്തി.
"ഇതൊരു മൂന്നിലൊന്ന് സർക്കാരായിരിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് സുഹൃത്തുക്കൾക്ക് നന്ദി. അവർ പറഞ്ഞത് ശരിയാണ്. സർക്കാർ രൂപീകരിച്ച് പത്ത് വർഷമായി. ഇനി ഒരു 20 വർഷം കൂടി സർക്കാർ വരും. അത് സത്യമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്'- മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതോടെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം ഉയർത്തി. എന്നാൽ സഭാധ്യക്ഷൻ ജഗദീപ് ധാൻകർ ഈ ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.