തെറ്റിദ്ധാരണ പരത്തുന്നു: കോളജുകൾ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത തള്ളി എംജി സർവകലാശാല
Wednesday, July 3, 2024 1:19 PM IST
കോട്ടയം: എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളജുകള്‍ സമീപവര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കഴിഞ്ഞ മാസം 30ന് ദ് ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇതിന്റെ ചുവടു പിടിച്ച് മറ്റു ചില മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളും വസ്തുതാപരമല്ലെന്ന് സർവകലാശാലയുടെ വിശദീകരണം.
പ്രസ്തുത പട്ടികയിലെ 14 കോളജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എജ്യുക്കേഷന്‍ കോളജായി മാറിയതുമാണ്. എന്‍സിടിയുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന കോളജും പട്ടികയിലുണ്ട്.
ഇതില്‍ ഭൂരിഭാഗം കോളജുകളും ഭരണപരമായ കാരണങ്ങളാല്‍ സര്‍വകലാശാലാ അഫിലിയേഷന് ദീര്‍ഘിപ്പിച്ചു നല്‍കാതിരുന്നവയാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രന് വാർത്താക്കുറിപ്പിൽ അറിയിച്ചു.
2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ എംജി സര്‍വകലാശാലക്കു കീഴില്‍19 സ്വാശ്രയ കോളജുകളും രണ്ട് എയ്ഡഡ് കോളജുകളും രണ്ടു സര്‍ക്കാര്‍ കോളജുകളും ആരംഭിക്കുകയും മൂന്നു ലോ കോളജുകളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളജും അനുവദിക്കുകയും ചെയ്തു. കൂടുതല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും പരിഗണനയിലുണ്ട്.
ഇതേ കാലയളവില്‍തന്നെ 75 ഓളം എയ്ഡഡ് പ്രോഗ്രാമുകളും അഞ്ഞൂറില്പരം സ്വാശ്രയ പ്രോഗ്രാമുകളും പ്രതിവര്‍ഷം നിരവധി അധിക ബാച്ചുകളും ആയിരക്കണക്കിന് സീറ്റുകളും അനുവദിക്കുകയുണ്ടായി.
ദേശീയ, രാജ്യാന്തര റാങ്കിംഗുകളില്‍ മികവ് നിലനിര്‍ത്തുകയും നാഷണല്‍ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ സംസ്ഥാനത്ത് ആദ്യമായി എ ഡബിള്‍ പ്ലസ് നേടുകയും ചെയ്ത സര്‍വകലാശാലയുടെ കീഴില്‍ നിലവില്‍ 260 അഫിലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വയംഭരണ കോളജുകളുള്ളത് എംജി സര്‍വകലാശാലയ്ക്കു കീഴിലാണ്.
സര്‍വകലാശാലാ അധികൃതരെ ബന്ധപ്പെടുകയോ അഭിപ്രായം ഉള്‍പ്പെടുത്തുകയോ ചെയ്യാതെ വസ്തുതാപരമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ച് തെറ്റിധാരണ പരത്തുന്ന ദ ഹിന്ദു ദിനപ്പത്രത്തിന്റെയും ഇതിന്റെ ചുവടുപിടിച്ച് ഏകപക്ഷീമായ റിപ്പോര്‍ട്ടുകള്‍ നല്കിയ മാധ്യമങ്ങളുടെയും നടപടി ദൗര്‍ഭാഗ്യകരമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.