കലയുടേത് കൊലപാതകം തന്നെ; പരിശോധനയിൽ തെളിവുകൾ ലഭിച്ചതായി ആലപ്പുഴ എസ്പി
Tuesday, July 2, 2024 8:25 PM IST
ആലപ്പുഴ: മാന്നാറിലെ കല കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിശോധനയിൽ തെളിവുകൾ ലഭിച്ചതായും ആലപ്പുഴ എസ്പി വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച സാമ്പിളുകൾ ഉടൻ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു.
അമ്പലപ്പുഴ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. ലഭിച്ച വിവരങ്ങൾ വിശ്വാസ യോഗ്യമായതിനാലാണ് അന്വേഷണം ആരംഭിച്ചത്. ഇവർക്ക് സാമ്പത്തിക ബാധ്യതകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കുടുംബപരമായ പ്രശ്നങ്ങളുള്ളതായാണ് വിവരം ലഭിച്ചതെന്ന് എസ്പി അറിയിച്ചു.
യുവതിയുടെ ഭർത്താവിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇയാൾ നിലവിൽ ഇസ്രയേലിലാണ്. കൊല നടന്നത് വീട്ടുകാർ അറിഞ്ഞിരുന്നോ എന്നത് സ്ഥിരീകരിക്കാനായില്ല. ഈ സമയം വീട്ടിലുള്ളവർ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടനെ ഉണ്ടാകും. അനിലിന്റെ ബന്ധുക്കളും അല്ലാത്തവരും ഇതിലുണ്ട്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നത് പരിശോധിക്കണമെന്നും എസ്പി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയായിരുന്നു പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. തുടർന്ന് സെപ്റ്റിക് ടാങ്കിൽനിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നു.
മാന്നാറില്‍ നിന്ന് 20 വയസുകാരിയായ കല എന്ന യുവതിയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഇവരെ കാണാതായെന്ന പരാതി പോലും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല. കല മറ്റൊരു ആൺ സുഹൃത്തിനൊപ്പം പോയെന്ന അഭ്യൂഹങ്ങളാണ് പരന്നത്.
എന്നാൽ രണ്ട് മാസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് പോലീസിന് ഒരു ഊമ കത്ത് ലഭിച്ചത്. മാന്നാർ കേസിൽ ഉൾപ്പെട്ട ഒരു പ്രതി മറ്റൊരു കൊലപാതകത്തിന്റെ ആസൂത്രണ വേളയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്.
പ്രതി മദ്യപിക്കുന്നതിനിടെ താൻ 15 വർഷം മുമ്പ് മറ്റൊരു കൊലപാതകം ചെയ്തിരുന്നുവെന്നും അതിൽ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ആസൂത്രണം ചെയ്യുന്ന കൊലപാതകം നിഷ്പ്രയാസം നടത്താനാകുമെന്നും പ്രതി മദ്യപ സംഘത്തോട് പറഞ്ഞതായാണ് വിവരം.
ഈ വിവരങ്ങൾ കേട്ട ഒരു വ്യക്തി അമ്പലപ്പുഴ പോലീസിന് ഊമ കത്ത് അയക്കുകയായിരുന്നു. തുടർന്ന് പപ്രത്യേക സംഘം കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.