മാന്നാർ കേസ്; വഴിത്തിരിവായത് പോലീസിന് ലഭിച്ച ഊമ കത്ത്
Tuesday, July 2, 2024 4:46 PM IST
ആലപ്പുഴ: മാന്നാർ കൊലപാതകം സംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച ഊമ കത്ത് വഴിത്തിരിവായെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് കൃത്യത്തിൽ പങ്കായിയായ ഒരാളുടെ വെളിപ്പെടുത്തലായിരുന്നു കത്തിലുണ്ടായിരുന്നത്. കത്ത് ലഭിച്ചതിനെതുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.
മാന്നാർ കേസിൽ ഉൾപ്പെട്ട ഒരു പ്രതി മറ്റൊരു കൊലപാതകത്തിന്റെ ആസൂത്രണ വേളയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്.
പ്രതി മദ്യപിക്കുന്നതിനിടെ താൻ 15 വർഷം മുമ്പ് മറ്റൊരു കൊലപാതകം ചെയ്തിരുന്നുവെന്നും അതിൽ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ആസൂത്രണം ചെയ്യുന്ന കൊലപാതകം നിഷ്പ്രയാസം നടത്താനാകുമെന്നും പ്രതി മദ്യപ സംഘത്തോട് പറഞ്ഞതായാണ് വിവിരം.
ഈ വിവരങ്ങൾ കേട്ട ഒരു വ്യക്തി അമ്പലപ്പുഴ പോലീസിന് ഊമക്കത്ത് അയക്കുകയായിരുന്നു. തുടർന്ന് പപ്രത്യേക സംഘം കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് പോലീസ് ശാസ്ത്രിയമായ പരിശോധനകളിലേക്ക് നീങ്ങി. ടവർ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലുകൾക്ക് ശേഷമാണ് ചില ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കസ്റ്റഡിയിലെടുത്ത ഒരാൾ നടത്തിയ തുറന്നുപറച്ചിലാണ് കേസ് പുതിയ വഴിത്തിരിവിലേക്കെത്തിച്ചത്. ഇയാൾ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നത്.