ലാഭവിഹിതം നൽകിയില്ല;ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി
Tuesday, July 2, 2024 10:55 AM IST
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്.
ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന പരാതി നൽകിയിരിക്കുന്നത്.
സിനിമയ്ക്കായി ആറു കോടി രൂപയാണ് പരാതിക്കാരി നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാൽ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.