വടകരയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ; സംരക്ഷണഭിത്തി തകർന്നു: അപകടമൊഴിവായത് തലനാരിഴയ്ക്ക്
Monday, July 1, 2024 1:21 PM IST
വടകര: ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിൽ. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു.
ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തുന്ന ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് കുന്നുമ്മക്കര-ഓര്‍ക്കാട്ടേരി വഴിയും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴിതിരിച്ചു വിട്ടിരിക്കുകയാണ്.