ആംആദ്മി പാര്‍ട്ടി കാരണമാണ് ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടത് : കോണ്‍ഗ്രസ് നേതാവ്
Sunday, June 30, 2024 3:58 PM IST
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചതുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് ദത്ത്. ഡല്ഹിമദ്യനയക്കേസില് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായതും സത്യേന്ദ്ര ജെയ്നും മനീഷ് സിസോദിയയും അടക്കമുള്ള നേതാക്കളും ജയിലിലായതുമൊക്കെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മദ്യനയ അഴിമതിയില്‍ പങ്കുണ്ട്. മുമ്പ് തങ്ങള്‍ ഇത് ചൂണ്ടികാട്ടിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഗൗരവമായി എടുത്തില്ല. എന്നിട്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.'-അഭിഷേക് ദത്ത് പറഞ്ഞു.
കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ ലഭിക്കുമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും ആംആദ്മി പാര്‍ട്ടി നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്.
ജലപ്രതിസന്ധിയില്‍ ജലമന്ത്രി അതിഷി നടത്തിയ സമരത്തെയും അഭിഷേക് പരിഹസിച്ചു. അതിഷിയുടേത് നാടകമാണെന്നും ഇതുപോലെയുള്ള പ്രവര്‍ത്തികളെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജലമന്ത്രിയുടെ ജോലി ജനങ്ങള്‍ക്ക് ജലം എത്തിക്കുകയെന്നതാണ് എന്നാല്‍ അവര്‍ അതിന് പകരം സമരം നടത്താനാണ് പോയതെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.