കർണാടകയിലെ നേതൃമാറ്റ വിഷയം; മന്ത്രിമാരെയും എംഎൽഎമാരെയും നിയന്ത്രിക്കണമെന്ന് ഹൈക്കമാൻഡ്
Sunday, June 30, 2024 10:01 AM IST
ബംഗളൂരു: കർണാടകയിലെ ഭരണ നേതൃമാറ്റം സംബന്ധിച്ച് പൊതുയിടങ്ങളിൽ പ്രസ്താവന നടത്തരുതെന്ന് മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന താക്കീതുമായി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ.
പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡി.കെ. ശിവകുമാർ താക്കീത് നൽകി. പാർട്ടി താൽപര്യം മുൻനിർത്തി പാർട്ടി പ്രവർത്തകർ വായടക്കണമെന്നും രാഷ്ട്രീയ കാര്യങ്ങളിൽ ദയവുചെയ്ത് സന്ന്യാസിമാർ ഇടപെടരുതെന്നും ശിവകുമാർ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ ഹൈക്കമാൻഡും ഇടപെട്ടു. മന്ത്രിമാരെയും എംഎൽഎമാരെയും നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് നിർദേശം നൽകി.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കണമെന്ന് സിദ്ധരാമയ്യ വിഭാഗത്തിലെ ചില എംഎൽഎമാർ ആവശ്യപ്പെട്ടതാണ് നേതൃമാറ്റ ചർച്ചക്ക് വഴിമരുന്നിട്ടത്. വീരശൈവ ലിംഗായത്ത്, പിന്നാക്ക വർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യമുയർന്നത്. സിദ്ധരാമയ്യയുടെ അനുയായിയായ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയാണ് ഈ പ്രസ്താവന നടത്തിയത്.
ഇതിനു പിന്നാലെ, സിദ്ധരാമയ്യയും ശിവകുമാറും ഒന്നിച്ചു പങ്കെടുത്ത ചടങ്ങിൽ വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി ശിവകുമാറിന് മുഖ്യമന്ത്രി പദവി എന്ന ആവശ്യവുമായി രംഗത്തുവന്നു. ഡി.കെ. ശിവകുമാറിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.