പ്രതികൾ പരീക്ഷയെഴുതിയത് ചട്ടംലംഘിച്ച്; സിദ്ധാർഥന്റെ കുടുംബം ഗവർണർക്ക് പരാതി നൽകി
Saturday, June 29, 2024 5:20 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതിൽ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചു.
75 ശതമാനം ഹാജർ ഇല്ലാതിരുന്നിട്ടും വിദ്യാർഥികളെ പരീക്ഷ എഴുതിയത് സർവകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. പരാതി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
സിദ്ധാർഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയിയിരുന്നത്. പ്രതികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.