"നീറ്റില്‍' പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു
Friday, June 28, 2024 11:48 AM IST
ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അടിയന്തരമായി ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
ചോദ്യപേപ്പര്‍ ചോരുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവത്തത് എന്താണെന്ന് ഖാര്‍ഗെ ചോദിച്ചു. എന്നാല്‍ ഇതിന് അനുമതി നല്‍കാനാവില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു.
തൃണമൂൽ എംപിമാരായ ഡെറിക് ഒബ്രിയാന്, സാകേത് ഗോകലെ, സാഗരിക ഗോസെ എന്നിവർ അടക്കമുള്ളവര്‍ ബഹളം വച്ചതോടെ ഓരോരുത്തരെയും സ്പീക്കര്‍ പേരെടുത്തു വിമര്‍ശിച്ചു. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ ഉച്ച വരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.