ടി.പി. ചന്ദ്രശേഖരൻ വധക്കേസ്; സുപ്രീംകോടതിയെ സമീപിച്ച് എട്ടു പ്രതികൾ
Friday, June 28, 2024 7:56 AM IST
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് എട്ടു പ്രതികൾ. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പടെയുള്ള ഒന്നു മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ. കൃഷ്ണനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്ന് സെറ്റ് ഹർജികളാണ് ടി.പി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. കേസിലെ ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്താണ് ഒന്നു മുതൽ ആറു വരെയുള്ള പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ അപ്പീൽ നൽകിയത്.
12 വർഷമായി തങ്ങൾ ജയിലിൽ കഴിയുകയാണ്. ഒരു ജീവപര്യന്തം ഉണ്ടന്നിരിക്കെ രണ്ടാമതൊരു ജീവപര്യന്തം ഗൂഡാലോചന കേസിലാണ് ഹൈക്കോടതി ചുമത്തിയത്. അതുകൊണ്ടുതന്നെ ഇരട്ട ജീവപര്യന്തം റദ്ദാക്കണം. അപ്പീലിൽ നടപടിയെടുക്കുന്നത് വരെ തങ്ങൾക്ക് ജാമ്യം നൽകണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിൽ വിചാരണക്കോടതി വെറുതെ വിട്ട ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ഹൈക്കോടതിയുടെ വിധിക്കെതിരായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവർക്കും ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ഈ നടപടി തെറ്റാണെന്നും ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകി കേസ് നടപടികളുമായി മുന്നോട്ടു പോകണമെന്നാണ് ഇവരുടെ ആവശ്യം.
ജൂലൈ എട്ടിന് ഇതിൽ ഒരു ഹർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേദിവസം തന്നെ മറ്റ് രണ്ട് ഹർജികളും ലിസ്റ്റ് ചെയ്യാനാണ് പ്രതിഭാഗം അഭിഭാഷകർ ശ്രമിക്കുന്നത്. ഡൽഹിയിലെ അഭിഭാഷകനായ പി. പ്രകാശ് ആണ് ഹർജി സമർപ്പിച്ചത്.