അമീബിക് മസ്തിഷ്ക ജ്വരം; പന്ത്രണ്ടുകാരന്റെ നില അതീവ ഗുരുതരം
Thursday, June 27, 2024 8:11 PM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്ന് സംശയിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പന്ത്രണ്ടുകാരന്റെ നില അതീവ ഗുരുതരം. കുട്ടി നിലവില്‍ വെന്റിലേറ്ററിലാണ്. മരുന്നിനോട് കാര്യമായി പ്രതികരിക്കുന്നില്ല.
ഫാറൂഖ് കോളജിനടുത്ത ഇരുമുളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയിലുള്ളത്. പുതുച്ചേരി ലാബില്‍നിന്ന് കൂട്ടിയുടെ സ്രവ പരിശോധനാ ഫലം ഉടൻ ലഭിക്കും. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൂട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പുതുച്ചേരിയിലെ പരിശോധന ഫലം കൂടി എത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ.
രോഗബാധിതനായ കുട്ടി അച്ചനമ്പലം കുളത്തില്‍ കുളിച്ചിരുന്നു. ഇവിടെ കുളിച്ച മറ്റുള്ളവരെയും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. ഇവരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ 16-നാണ് വിദ്യാര്‍ഥി അച്ഛനമ്പലം കുളത്തില്‍ കുളിച്ചത്.
ഏഴാം ക്ലാസുകാരന് തലവേദനയും ഛര്ദിയുമുള്പ്പെടെയുള്ള അസുഖങ്ങളുമായാണ് ഫറോക്കിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗം ഭേദമാവാത്തതിനാല്‍ കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. കുട്ടി കുളിച്ച അച്ചനമ്പലം കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ കുളിക്കുന്ന കുളമാണിത്.
അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടന്ന് മസ്തിഷ്കജ്വരത്തിനിടയാക്കും. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നതുകൊണ്ട് പ്രശ്നമില്ല.
വൃത്തിഹീനമായതോ കെട്ടിക്കിടക്കുന്നതോ ആയ വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം. വെള്ളം ക്ലോറിനേഷന് നടത്തുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിനിയായ 13 വയസുകാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.