സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
Thursday, June 27, 2024 8:05 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി.
സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. എന്നാല്‍ ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. കോളജ് പുറത്താക്കിയ വിദ്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പിന്നാലെ സർവകലാശാല വിദ്യാർഥികളെ പരീക്ഷ എഴുതിക്കാമെന്ന് പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികൾ നൽകിയ ഹർജിയില്‍ കോടതി അനുകൂല ഉത്തരവ് നല്‍കുകയായിരുന്നു. പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല.
എന്നാൽ പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് പരീക്ഷ എഴുതാൻ അവസരം നൽകുന്നത്. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിട്ടവരായതിനാൽ ഫലം സർവകലാശാല പ്രസിദ്ധീകരിക്കില്ല.