സംസ്ഥാനത്ത് അഞ്ച് പുതിയ തീയറ്റർ സമുച്ചയങ്ങൾ വരുന്നു
Thursday, June 27, 2024 6:28 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനു (കെഎസ്എഫ്ഡിസി) കീഴിൽ പുതിയ അഞ്ച് തീയറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴയിലെ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്ക്രീനുകൾ അടങ്ങുന്ന തീയറ്റർ സമുച്ചയം, കോട്ടയത്ത് വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്ക്രീനുകൾ അടങ്ങുന്ന തീയറ്റർ സമുച്ചയം, തൃശൂരിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂരിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്ക്രീനുകൾ അടങ്ങുന്ന തീയറ്റർ സമുച്ചയം, കണ്ണൂരിലെ പായം പഞ്ചായത്തിൽ രണ്ട് സ്ക്രീനുകൾ അടങ്ങുന്ന തീയറ്റർ സമുച്ചയം എന്നിവയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മലപ്പുറം താനൂരിലും കോഴിക്കോട് പേരാമ്പ്രയിലും തീയറ്റർ സമുച്ചയം നിർമിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിൽ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
കിഫ്ബി മുഖേന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന സാഹചര്യത്തിലും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മറ്റു കേന്ദ്രങ്ങളിലും തീയറ്ററുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.