ജനം വീണ്ടും മോദി സർക്കാരില്‍ വിശ്വാസമർപ്പിച്ചു; ഐതിഹാസികമായ തീരുമാനങ്ങളുണ്ടാകുമെന്നു രാഷ്ട്രപതി
Thursday, June 27, 2024 12:47 PM IST
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് ഐതിഹാസികമായ തീരുമാനങ്ങളുണ്ടാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കുമെന്നും വലിയ സാമ്പത്തിക സാമൂഹിക തീരുമാനങ്ങൾക്കൊപ്പം വലിയ ചരിത്രപരമായ ചുവടുകളും ബജറ്റിൽ കാണാൻ സാധിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി പറയുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി വളരെ കുറഞ്ഞ വോട്ടിംഗാണ് ജമ്മു കാഷ്മീരില്‍ കണ്ടിരുന്നത്. ഇന്ത്യയുടെ ശത്രുക്കള്‍ അത് കാഷ്മീരിന്റെ സന്ദേശമായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പ്രതിലോമശക്തികള്‍ക്ക് ജമ്മു കാഷ്മീരിലെ ജനങ്ങള്‍ മറുപടി നല്‍കിയെന്നും രാഷ്ട്രപതി വ്യക്തമാക്കി.
മോദി സര്‍ക്കാരിനെ ജനം വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഹാമാരിയും മറ്റു പ്രതിസന്ധികളും ലോകത്തെ പിടിച്ചുലച്ചപ്പോഴും ഇന്ത്യ വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ എടുത്ത നയപരമായ തീരുമാനങ്ങളുടെ ഫലമാണ് അത്. ആഗോള സമ്പദ്രംഗത്തിൽ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്രംഗമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ 3.8 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിർമിച്ചു.
വടക്കുകിഴക്കൻ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സാധിച്ചു. ഇതിനായി നിരവധി കരാറുകള്‍ ഉണ്ടാക്കി.
ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിശ്വ ബന്ധു എന്ന നിലയിൽ മുൻകൈ എടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികൾ ഉയർത്തുന്നതിന്റെ പേരിൽ അല്ല. മറിച്ച് ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുൻകൈ എടുത്തതിന്റെ പേരിലാണ്. - രാഷ്ട്രപതി പറഞ്ഞു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്നു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 55 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകളുടെ ഉന്നമനത്തിനായും സർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിലേക്കും ഇപ്പോള്‍ വികസനമെത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ അന്വേഷണം ഉത്തരവാദിത്തം ഉറപ്പിക്കും. ഇത്തരം ക്രമക്കേടുകൾ ഉന്നതതലത്തിൽ അന്വേഷിക്കപ്പെടണം. സർക്കാർ നടത്തുന്ന പരീക്ഷകൾ സുതാര്യത ഉറപ്പാക്കണം. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ഇടപെടല്‍ നടത്തിയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും രാഷ്ട്രപതി ഉറപ്പു നൽകി.
അടിയന്തരാവസ്ഥയെ ജനാധിപത്യത്തിലെ ഇരുണ്ട കാലമെന്നാണ് രാഷ്ട്രപതി പരാമർശിച്ചത്. അടിയന്തരാവസ്ഥ ഭരണഘടന വിരുദ്ധമെന്നും പറഞ്ഞ രാഷ്ട്രപതി ഭരണഘടനക്കെതിരായ വലിയ ആക്രമണമാണിതെന്നും അഭിപ്രായപ്പെട്ടു.
രാവിലെ പാർലമെന്റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, , പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ചേർന്നാണ് സഭയിലേക്ക് ആനയിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം പാർലമെന്റിന്റെ ഇരുസഭകളിലും നന്ദിപ്രമേയ ചർച്ചയും ആരംഭിച്ചു.