പോലീസ് കസ്റ്റഡിയിലിരിക്കെ നടിക്ക് മേക്കപ്പിടാന്‍ സൗകര്യം; സബ് ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ്
Thursday, June 27, 2024 10:54 AM IST
ബംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ പ്രതിയായ കന്നഡ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിലിരിക്കെ മേക്കപ്പ് ചെയ്ത സംഭവത്തില്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണാടക പോലീസിന്റെ നോട്ടീസ്. ഈ മാസം 15ന് ആണ് നോട്ടീസിന് ആധാരമായ സംഭവം.
പവിത്ര ഗൗഡയെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനായി അവരുടെ വസതിയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ പോലീസുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും പുരട്ടി പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കൊലപാതകത്തില്‍ പവിത്ര ഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതിയായ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ അണിഞ്ഞൊരുങ്ങിയത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിപി (വെസ്റ്റ്) ഓഫീസില്‍ നിന്ന് എസ്ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തു.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്ശന് തുഗുദീപ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതിന്റെ പശ്ചാതലത്തില്‍ ദര്ശന് ഇയാളെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി എന്നാണ് കേസ്. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ നിന്നാണ് സ്വകാര്യ ഫാര്‍മസി ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്ന രേണുകസ്വാമിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. അഴുക്കുചാലില്‍ കിടന്നിരുന്ന രേണുകാസ്വാമിയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
നേരത്തെ, രേണുകാസ്വാമിയെ കണ്ടെത്താന്‍ ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിനോട് ദര്ശന് ആവശ്യപ്പെട്ടിരുന്നു. അതിന്‍പ്രകാരം ഇയാളുടെ വീടടക്കമുള്ള വിവരങ്ങള്‍ ദര്ശന് ലഭിച്ചിരുന്നു. പിന്നീട് രേണുകാസ്വാമിയെ പിടിച്ചുകൊണ്ടുവന്നു ബംഗളൂരുവിലെ ആര്‍ആര്‍ നഗറിയലുള്ള ദര്‍ശന്റെ വീടിന്റെ കാര്പോര്ച്ചില്വച്ച് ക്രൂരമായി മര്‍ദിച്ചു എന്നാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ പോലീസിനോട് പറഞ്ഞത്.
ദര്‍ശനും ഇയാളെ മര്‍ദിച്ചതായി സംഘം പറയുന്നു. ഇരുമ്പവടികൊണ്ടുള്ള അടിയേറ്റ രേണുകാസ്വാമി മരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം കാമാക്ഷിപാളയത്തിലെ ഒരു പാലത്തിനടിയില്‍ തള്ളുകയായിരുന്നു.