എൽ.കെ. അദ്വാനി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
Thursday, June 27, 2024 10:10 AM IST
ന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിൽ ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്. വാർധക്യസഹജമായ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
96-കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും എയിംസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വിദഗ്ധനിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി എൽ.കെ. അദ്വാനിയെ മൂന്ന് മാസങ്ങൾക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം വഹിച്ചിരുന്നു. മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.