ഹൈദരാബാദ് സര്‍വകലാശാലയില്‍ മലയാളികളടക്കം അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
Thursday, June 27, 2024 9:56 AM IST
ഹൈദരാബാദ്: വൈസ് ചാന്‍സിലറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കെതിരേ നടപടിയുമായി ഹൈദരാബാദ് സര്‍വകലാശാല. മലയാളികളടക്കം അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. മലയാളിയും യൂണിയന് ജനറല്‍ സെക്രട്ടറിയുമായ കൃപ മരിയ ജോര്‍ജ്, യൂണിയന് പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈല്‍ അഹമ്മദ്, വി.എം.അസിക എന്നിവര്‍ക്കെതിരെയാണ് നടപടി.
വിസിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസുമെടുത്തു. സര്‍വകലാശാല, യൂണിയന് ഫണ്ട് നല്‍കുന്നത് വൈകിക്കുന്നതിലും വാര്‍ഷികാഘോഷ പരിപാടിയായ "സുകൂന്' നടത്താന്‍ അനുവദിക്കാത്തതിലുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
നടപടി പ്രതികാരത്തിന്റെ ഭാഗമെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലെ തങ്ങളെയും അഡ്മിനിസ്ട്രേഷന് പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
നടപടി നേരിടുന്ന വിദ്യാര്‍ഥികളോട് ജൂലൈ ആദ്യംമുതല്‍ ആറ് മാസത്തേക്ക് ക്ലാസില്‍ കയറരുതെന്നും ഹോസ്റ്റല്‍ ഒഴിയണമെന്നും അഡ്മിനിസ്ട്രേഷന് ആവശ്യപ്പെട്ടു. ഇതോടെ നടപടി നേരിട്ട വിദ്യാര്‍ഥികളുടെ ഫെലോഷിപ്പുകള്‍ അടക്കം തുലാസിലായി.
സസ്പെന്‍ഷനിലായ രണ്ടുപേര്‍ ജെആര്‍എഫ് സ്കോളര്‍മാരാണ്. ഒരാള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ്. മറ്റ് രണ്ടുപേര്‍ പിഎച്ച്ഡി കോഴ്സ് ചെയ്യുന്നവരാണ്. ഫെലോഷിപ്പുകള്‍ കിട്ടുന്നവര്‍ക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എസ്എഫ്ഐയാണ് യൂണിവേഴ്സിറ്റി യൂണിയന് നേതൃത്വം നല്‍കുന്നത്. ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു. നടപടി പിന്‍വലിക്കുന്നത് വരെ സമരം ചെയ്യാനാണ് തീരുമാനം.