ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത് ന്യായീകരിച്ച് സ്പീക്കർ
Thursday, June 27, 2024 12:50 AM IST
തിരുവനന്തപുരം: ടി.പി. കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്നാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ ന്യായീകരിച്ച് വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫീസ്. അത്തരമൊരു നീക്കമില്ലെന്ന സര്‍ക്കാര്‍ വിശദീകരണമുള്ളതിനാലാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതെന്ന് വിശദീകരണത്തിൽ പറയുന്നു.
കേസിലെ പ്രതികള്‍ക്കു മാത്രമായി ശിക്ഷ ഇളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. നോട്ടീസുകളിൽ ഉന്നയിക്കുന്ന വിഷയത്തിന്റെ നിജസ്ഥിതിയും പ്രാധാന്യവും വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകള്‍ കൂടി പരിഗണിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നതിന് ചട്ടം 50 പ്രകാരം അനുമതി നല്കി വരുന്നത്.
കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്കാന് നിലവില്‍ നീക്കമൊന്നുമില്ലെന്ന സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നതിനാല്‍ അതിന്റെ പിന്‍ബലത്തിലാണ് ചട്ടം 52 (5) പ്രകാരം അടിയന്തര പ്രമേയമായി പരിഗണിക്കാതിരുന്നത്.
കെ.കെ. രമ നൽകിയ നോട്ടീസിലെ വിഷയം നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അത്തരമൊരു നീക്കം നടക്കുന്നതോ അല്ല, മറിച്ച് അതൊരു അഭ്യൂഹം മാത്രമാണ്. അതുകൊണ്ട് അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.