വിവാഹത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിവച്ചു; യുവാവ് അറസ്റ്റിൽ
Wednesday, June 26, 2024 8:53 AM IST
മലപ്പുറം: വിവാഹത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കലിൽ അർധരാത്രിയോടെയാണ് സംഭവം.
പ്രതി വലിയാട് സ്വദേശി അബു താഹിർ അണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീടിന് നേരെ ഇയാൾ എയർഗൺ ഉപയോഗിച്ച് മൂന്നുപ്രാവശ്യം വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു.
അബു താഹിറും പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയോടും കുടുംബത്തോടും ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. ഒരു വിധത്തിലും ഇയാളുമായി സഹകരിക്കാൻ സാധിക്കില്ലെന്ന് മനസിലായി.
പിന്നാലെ ഇയാളെ വിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് പെൺകുട്ടി നിലപാടെടുത്തതോടെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.