മഹാരാഷ്ട്രയിലെ അനധികൃത പബ്ബുകൾ തകർക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
Wednesday, June 26, 2024 6:47 AM IST
മുംബൈ: മഹാരാഷ്ട്രയിലെ അനധികൃത പബ്ബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച എല്ലാ കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കാനും പോലീസിന് നിർദേശം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
പൂനയെ ലഹരി വിമുക്ത നഗരമാക്കാൻ മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ പുതിയ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൂനെ നഗരത്തിലെ പബ്ബിൽ രാത്രി പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്തവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് എക്നാഥ് ഷിൻഡെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.
പ്രായപൂർത്തിയാകാത്തവർക്ക് മയക്കുമരുന്ന് നൽകിയെന്ന് ആരോപിച്ച് തിങ്കളാഴ്ച പൂനെ പോലീസ് നഗരത്തിലെ ബാറിൽ റെയ്ഡ് നടത്തി സീൽ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപത്തിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ശിവാജി നഗർ പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ, ഒരു പോലീസ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പേരെ പോലീസ് അറസ്റ്റും ചെയ്തു.