മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഭിന്നത;മുംബൈ അധ്യക്ഷയെ മാറ്റണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെയ്ക്ക് കത്ത്
Tuesday, June 25, 2024 9:41 AM IST
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത. പാര്‍ട്ടിയുടെ മുംബൈ യൂണിറ്റ് അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് 16 നേതാക്കള്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം നടത്തണമെങ്കില്‍ വര്‍ഷയെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം.
മുംബൈ യൂണിറ്റ് അധ്യക്ഷയുടെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും അവര്‍ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വര്‍ഷയ്ക്ക് പ്രാദേശികമായ വിഷയങ്ങളില്‍ ഇടപെടാനും പാര്‍ട്ടിയെ മുംബൈയില്‍ നയിക്കാനും സാധിക്കില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
രാജ്യസഭ എംപി ചന്ദ്രകാന്ത് ഹന്ഡോറെ, മുംബൈ യൂണിറ്റ് മുന്‍ അധ്യക്ഷന്മാരായ ജനാര്‍ദ്ദന്‍ ചന്ദുര്‍ക്കര്‍, ഭായ് ജഗ്താപ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് ഖാര്‍ഗെയ്ക്ക് കത്തയച്ചത്.
മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭൂഷന് പട്ടേലും വര്‍ഷയ്ക്കും മുബൈ യൂണിറ്റിനുമെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മുംബൈ യുണിറ്റില്‍ നിന്ന് തനിക്ക് ഒരു സഹായവും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.