യുപിയിൽ സെൽഫിയെടുക്കുന്നതിനിടെ നദിയിൽ വീണ് രണ്ടു കൗമാരക്കാർ മരിച്ചു
Monday, June 24, 2024 10:03 AM IST
റായ്ബറേലി: യുപിയിലെ റായ്ബറേലി ജില്ലയിൽ ബോട്ടിൽ സെൽഫി എടുക്കുന്നതിനിടെ ഗംഗാ നദിയിൽ വീണ് രണ്ട് കൗമാരക്കാർ മരിച്ചു. സുഹൃത്തുക്കളായ തൗഹീദ് (17), ഷാൻ (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫഹദ് (19) നീന്തി രക്ഷപെട്ടു.
പഗ്പൂർ ഗംഗാഘട്ടിൽ സെൽഫി എടുക്കവേ ബോട്ടിന്റെ അറ്റത്തേക്ക് നീങ്ങിയ മൂവരും ബാലൻസ് നഷ്ടപ്പെട്ട് ശക്തമായ ഒഴുക്കിൽ വീഴുകയായിരുന്നു. തൗഹീദും ഷാനും ഒഴുക്കിൽപ്പെടുന്നതിനിടയിൽ ഫഹദിന് നീന്തി കരയിലെത്താനായി.
തുടർന്ന് മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കൗമാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.