ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു കാരണമാകുന്നു: പി. സതീദേവി
Sunday, June 23, 2024 2:34 AM IST
തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു കാരണമാകുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. ലഹരി വസ്തു കുട്ടികളുടെ ഇടയില്‍ പോലും വ്യാപകമായി ലഭ്യമാകുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സതീദേവി പറഞ്ഞു.
വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വിവാഹേതര ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുമ്പോള്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. വിവാഹം കഴിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിലാണ് വിവാഹ ബന്ധങ്ങള്‍ തകരുന്നതെന്നും സതീദേവി വ്യക്തമാക്കി.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ ആവശ്യമായവര്‍ക്ക് വനിതാ കമ്മീഷന് കൗണ്‍സലിംഗ് നല്കി വരുന്നുണ്ട്. മദ്യപാനത്തേക്കാള്‍ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബജീവിതം തകര്‍ക്കുന്നതായാണ് കൗണ്‍സലിംഗിലൂടെ മനസിലാക്കുന്നതെന്ന് അവർ വ്യക്തമാക്കി.