നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു
Sunday, June 23, 2024 12:27 AM IST
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടി.
സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ബിഹാർ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്.
ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. കേസിൽ മുഖ്യ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
അതിനിടെ ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ബിഹാർ പോലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്.
വിവാദം പുകയുന്നതിനിടെ ഞായറാഴ്ച നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. മുൻകരുതൽ നടപടിയെന്നാണ് വിശദീകരണം. പുതിയ തിയതി പിന്നീട് അറിയിക്കും.