നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി ; പ്ലാറ്റ്ഫോം ടിക്കറ്റുകൾക്ക് ഇനി ജിഎസ്ടി ഇല്ല
Saturday, June 22, 2024 10:50 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെയാണ് ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയത്.
റെയില്‍വേ സ്റ്റേഷനുകളിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ജിഎസ്ടി ഈടാക്കില്ല. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേർന്ന 53-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. മാസം 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കിനാണ് ജിഎസ്ടി ഒഴിവാക്കിയത്. ഇളവ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 90 ദിവസം ഹോസ്റ്റല്‍ സൗകര്യം ഉപയോഗിക്കണം.
സോളാർ കുക്കറുകൾക്കും പാൽ കാനുകൾക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.