കള്ളാക്കുറിച്ചിയിൽ വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
Saturday, June 22, 2024 3:30 PM IST
ചെന്നൈ: കള്ളാക്കുറിച്ചിയിൽ വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാൾ അറസ്റ്റിൽ. ചിന്നദുരൈ എന്നയാളാണ് അറസ്റ്റിലായത്.
മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പോലീസ് നിഗമനം. കേസിലെ മുഖ്യപ്രതിയാണ് ചിന്നദുരൈ.
അതേസമയം, കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വ്യാജമദ്യം കഴിച്ച 165 പേരാണ് കള്ളാക്കുറിച്ചി, ജിപ്മർ, സേലം, മുണ്ടിയമ്പാക്കം എന്നീ സർക്കാർ ആശുപത്രികളിലായി കഴിഞ്ഞ ദിവസം ചികിത്സ തേടിയത്. ചികിത്സയിലുള്ള 30 പേരുടെ നിലഗുരുതരമാണെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ വ്യാജമദ്യ വില്പന തടയാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികൾക്ക് നിർദേശം നൽകിയതായും കളക്ടർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.