കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവില്ല, സര്‍ക്കാര്‍ നിയമത്തിന് മുകളിലൂടെ പറക്കാൻ ശ്രമിക്കുന്നു: തിരുവഞ്ചൂര്‍
Saturday, June 22, 2024 10:57 AM IST
കോട്ടയം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ജയില്‍ നിയമം കൂടി ലംഘിച്ചവരാണ് ടി.പി കേസിലെ പ്രതികളെന്നും കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
പ്രതികള്‍ ജയിലില്‍ നിയമലംഘനം നടത്തിയെന്ന് ഹൈക്കോടതി വിധിയുണ്ട്. നിയമത്തിന് മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പരോള്‍ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് ഇവര്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചത്. ജയിലില്‍ കിടന്നതില്‍ കൂടുതല്‍ കാലം അവര്‍ പരോളിലായിരുന്നു.
ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് കൊടുക്കാമെന്ന് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഓള് ഇന്ത്യ സര്‍വീസില്‍പ്പെട്ട ഡിജിപി എന്തടിസ്ഥാനത്തിലാണ് അത് ശിപാര്‍ശ ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ ചോദ്യമുന്നയിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ ഇളവ് കൊടുക്കാനുള്ള തടവുകാരുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടാകും. അതില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്താനാണ് ശ്രമം. ഇത് ജയില്‍ മാനുവലിന് വിരുദ്ധമാണ്.
1200ല്‍ അധികം ആളുകളാണ് ടി.പി കേസിലെ പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയിട്ടുള്ളത്. അവരുടെ സുരക്ഷിതത്വം പോലും ഉറപ്പുവരുത്താതെയാണ് സര്‍ക്കാര്‍ നടപടിയെന്നും തിരുവഞ്ചൂർ വിമർശിച്ചു.