മകളെ ശല്യം ചെയ്തയാളുടെ മുഖത്ത് അമ്മ അടിച്ചു; ബസ് കണ്ടക്ടറുടെ മൂക്കിന്റെ പാലം തകര്‍ന്നു
Friday, June 21, 2024 11:07 PM IST
പത്തനംതിട്ട: ബസിൽ വച്ച് മകളോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്ത് നടന്ന സംഭവത്തിൽ ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലമാണ് തകർന്നത്.
ബസ് യാത്രയ്ക്കിടെ മകൾ നേരിട്ട ദുരനുഭവം അറിഞ്ഞാണ് അമ്മ എത്തിയത്. രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് പ്രതി സ്വകാര്യ ബസിൽ വച്ച് അപമര്യാദയായി പെരുമാറിയത്.
ബസിറങ്ങിയ പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവിൽ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് പെൺകുട്ടിയുടെ അമ്മ രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്റെ പാലം അടിച്ചു തകർക്കുകയായിരുന്നു.