ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ
Friday, June 21, 2024 12:16 AM IST
അഗർത്തല: ത്രിപുപരയിലെ പടിഞ്ഞാറൻ ത്രിപുര ജില്ലയിൽ ഹോസ്റ്റലിൽ ഭക്ഷണം കഴിച്ച 30 വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.
ബോധ്ജംഗ് ഹയർസെക്കൻഡറി സ്കൂളിലെയും മഹാറാണി തുളസിബതി സ്കൂളിലെയും വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം തോന്നിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് വിശാൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് സർക്കാർ സ്കൂളുകളിലെയും പെൺകുട്ടികൾ ഇന്ദ്രനഗർ മേഖലയിൽ ഒരു എൻജിഒ നടത്തുന്ന ഹോസ്റ്റലിലാണ് താമസിക്കുന്നത്. സ്കൂളുകളിലേക്ക് പോകുന്നതിന് മുൻപ് ഭക്ഷണം കഴിച്ച എല്ലാവർക്കും ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
രണ്ട് പെൺകുട്ടികളാണ് ആദ്യം വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടത്. ഉടൻ തന്നെ കൂടുതൽ വിദ്യാർഥിനികൾ ഇതേ പ്രശ്നവുമായി രംഗത്തെത്തി. ഇവരെ ഉടൻതന്നെ ജിബിപി ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നും ജില്ലാ മജിസ്ട്രേറ്റ് വിശാൽ കുമാർ വ്യക്തമാക്കി.
പരിശോധനയ്ക്കായി ഹോസ്റ്റലിൽ നിന്ന് ഭക്ഷണസാമ്പിളുകൾ ശേഖരിച്ചു. വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ അധികൃതർ നൽകുന്ന ഭക്ഷണത്തിൽ മോശമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും. വിദ്യാർഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രിയിൽ ഇവരെ സന്ദർശിച്ച മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.