കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി
Thursday, June 20, 2024 1:18 PM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.
കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ലെന്നും നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാത്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ് ദിനേശ് കുമാര്‍ സിംഗിന്റെ വിമര്‍ശനം.
ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണം. കൃത്യസമയത്ത് മറുപടി സത്യവാംഗ്മൂലം ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നത് വേദന ഉണ്ടാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
2018 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. പല തവണ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. ബുധനാഴ്ച വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് കെ.വാസുകി ഐഎഎസ് അപേക്ഷ നൽകി. ഇതോടെയാണ് കോടതിയിൽനിന്നും രൂക്ഷ വിമർശനം ഉണ്ടായത്.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതി നടപ്പാക്കുന്നതിന് തടസമാണ്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ നാലിലേക്ക് വീണ്ടും മാറ്റി.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.