"എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം': സുധാകരന്റെ "അവന്' പ്രയോഗം തള്ളി സതീശന്
Thursday, June 20, 2024 11:49 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ "അവന്' പ്രയോഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വാക്കുകള്‍ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ഉപയോഗിക്കുന്നതാണ് എല്ലാവര്ക്കും നല്ലതെന്ന് സതീശന് നിയമസഭയില്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ കാര്യമൊക്കെ ചിലർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണം. എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
മുഖ്യമന്ത്രി പല സമയത്തായി ഉപയോഗിച്ച ചില പ്രയോഗങ്ങളൊന്നും താന്‍ സഭയില്‍ പറയാത്തത് അത് അണ്‍പാർലമെന്ററി ആകുമെന്നതുകൊണ്ടാണ്. ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയാണ് മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത്. ആ സമയത്ത് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പാവം മുഹമ്മദ് റിയാസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സതീശന് പരിഹസിച്ചു.