മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത; മുഖ്യമന്ത്രിക്കെതിരേ സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം
Thursday, June 20, 2024 9:53 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി യോഗം വ്യാഴാഴ്ച അവസാനിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തല്‍ മാര്‍ഗരേഖ യോഗം ഇന്ന് അന്തിമമാക്കും. സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ തയാറാക്കുക.
രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. മൈക്കിനോട് പോലും കയര്‍ക്കുന്ന അദ്ദേഹത്തിന്റെ രീതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടല്‍ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചര്‍ച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു.
അനവസരത്തിലാണ് പിണറായി വിജയന്റെ വിദേശയാത്രയെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിക്കെതിരേ കീഴ് ഘടകങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്ന നിര്‍ദേശവും സംസ്ഥാന സമിതിയില്‍ ഉണ്ടായി. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ആയുധമായെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും ഉള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കവും ചര്‍ച്ചയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇവരെ പിന്തുണച്ചത് ദോഷം ചെയ്തെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വടകരയിലെ കെ.കെ. ശൈലജയുടെ പരാജയവും ചര്‍ച്ചയായി. ശൈലജയെ ഒതുക്കാനാണ് വടകരയില്‍ മത്സരിപ്പിച്ചതെന്നായിരുന്നു ചില പ്രതിനിധികള്‍ വിമര്‍ശിച്ചത്. പെന്ഷന് മുടങ്ങിയതും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകള്‍ സാധാരണ ജനങ്ങളെ എതിരാക്കിയെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗം ഇന്ന് അവസാനിക്കും. ചര്‍ച്ചയ്ക്ക് ഗോവിന്ദനും പിണറായി വിജയനും മറുപടി പറയും. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതില്‍ അടക്കം വിശദമായ ചര്‍ച്ച പിന്നീട് നടക്കും. സംസ്ഥാനസമിതി യോഗത്തിനു ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും.