പാര്‍ലമെന്റില്‍ തടഞ്ഞു; സിഐഎസ്എഫിനെതിരേ പരാതിയുമായി ഡിഎംകെ എംപി
Wednesday, June 19, 2024 10:15 AM IST
ന്യൂഡല്‍ഹി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റില്‍ തടഞ്ഞ സംഭവത്തില്‍ പരാതിയുമായി ഡിഎംകെ രാജ്യസഭാ എംപി എം.എം. അബ്ദുള്ള. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ അദ്ദേഹം രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍ഖറിന് കത്തയച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. പാര്‍ലമെന്റ് സമുച്ചയം സന്ദര്‍ശിച്ച അബ്ദുള്ളയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടയുകയും എവിടേക്കാണ് പോകുന്നതെന്ന് ആരായുകയുമായിരുന്നു.
ഇതുപോലെ അപമാനം മുമ്പ് നേരിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലമായ പാര്‍ലമെന്റ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചത് തന്നില്‍ ഞെട്ടലുളവാക്കി.അംഗങ്ങള്‍ക്ക് ഔദ്യോഗിക ഇടപെടലുകള്‍ ഇല്ലെങ്കിലും പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അബ്ദുള്ള കത്തില്‍ പറയുന്നു.
നേരത്തെ, പാര്‍ലമെന്റ് സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നത് നിരവധി പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് രണ്ടുപേര്‍ ലോക്സഭാ ചേംബറില്‍ പ്രവേശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് സുരക്ഷ സിഐഎസ്എഫിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.