ബേക്കൽ കോട്ടയിൽ സഞ്ചാരികളെ ആക്രമിച്ച് കവർച്ച; മൂന്നു പേർ പിടിയിൽ
Wednesday, June 19, 2024 4:29 AM IST
കാസര്‍ഗോഡ്: ബേക്കൽ കോട്ടയിൽ സഞ്ചാരികളെ ആക്രമിച്ച് സ്വർണവും പണവും കവർന്ന മുന്നുപേർ പിടിയിൽ. പള്ളിക്കര സ്വദേശി അബ്ദുല്‍ വാഹിദ്, ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍, മൊവ്വല് കോളനിയിലെ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സാദിഖ് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്.
കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി. യുവാവിന്റെ കൈയിലെ സ്വര്‍ണ ബ്രേസ്ലറ്റ് ഊരി വാങ്ങി. യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവര്‍ന്നു.
തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതികളുടെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇവർ മുമ്പും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.