മൂന്ന് കോടിയിലധികം വിലമതിക്കുന്ന ഐ ഫോണുകൾ മോഷ്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ
Wednesday, June 19, 2024 12:33 AM IST
ന്യൂഡൽഹി: 3.5 കോടി രൂപ വിലമതിക്കുന്ന 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ.
320 ഐഫോണുകൾ മോഷണം പോയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) സൗത്ത് വെസ്റ്റ് രോഹിത് മീണ എഎൻഐയോട് പറഞ്ഞു.
വടക്കേ ഇന്ത്യയിലെ വിവിധ കടകളിൽ വിതരണം ചെയ്യുവാനായി മുംബൈിയിൽ നിന്നും കൊണ്ടുവന്ന ഫോണുകൾ പാഴ്സൽ കമ്പനിയായ എഎം എക്സ്പ്രസിന്റെ ഉടമയുടെ ഡ്രൈവറുടെ നേതൃത്വത്തിലാണ് മോഷ്ടിച്ചത്. കമ്പനിയുടെ ഗോഡൗണിൽ നിന്നും 36 പെട്ടികളിലായാണ് 320 ഫോണുകളും വാഹനത്തിൽ കയറ്റിയത്.
അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) സറീന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം രണ്ട് പ്രതികളായ മൻദീപ്, സച്ചിൻ എന്നിവരെ പഞ്ച്കുളയിൽ നിന്നും കണ്ടെത്തി. ഇവരിൽ നിന്നും 318 ഫോണുകൾ കണ്ടെത്തുകയും ചെയ്തു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ട്രാക്കർ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് അവർ അത് ഓണാക്കി. കൂടാതെ തങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ നമ്പറും മാറ്റി.
കണ്ടെടുത്ത മൊബൈൽ ഫോണുകൾ ഐഫോൺ 13, 14, 15 എന്നിവയാണെന്നും ഓരോ ഫോണിനും ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുണ്ടെന്നും ഡിസിപി അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.