ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Tuesday, June 18, 2024 10:08 PM IST
മൂലേടം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമുണ്ടായ അപകടത്തിൽ കൊല്ലാട്, കൊല്ലൻ കവല പള്ളിക്കുന്നേൽ സുരേഷിന്റെ (ജിമോൻ) മകൻ സച്ചിൻ സുരേഷ് (19) ആണ് മരിച്ചത്. സച്ചിന്റെ അയൽവാസിയും സുഹൃത്തുമായ പള്ളിക്കുന്നേൽ ജോസിന്റെ മകൻ സെഫിൻ ജോസ് (19)നാണ് പരിക്കേറ്റത്.
മൂലേടത്തു നിന്നും കൊല്ലാട്ടേക്ക് വരുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു റോഡിൽ കിടന്ന ഇരുവരേയും നാട്ടുകാർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സച്ചിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ സെഫിനെ പിന്നീട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും പ്ലസ് ടു പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു. സച്ചിന്റെ മാതാവ് ബിന്ദു. സഹോദരങ്ങൾ: ശ്രുതി, സുബിൻ.