മാഹിയിൽ കാണാതായ പെൺകുട്ടി പുഴയിൽ മരിച്ച നിലയിൽ
Tuesday, June 18, 2024 7:39 PM IST
കണ്ണൂർ: മാഹി ഈച്ചിയിൽ നിന്നു കാണാതായ തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കള്ളക്കുറിച്ച് സ്വദേശി പാണ്ഡ്യൻ-മുനിയമ്മ ദന്പതികളുടെ മകൾ പവിത്രയാണ് (13) മരിച്ചത്.
ഞായറാഴ്ച ന്യൂമാഹി ഈച്ചിയിൽ നിന്നുമാണ് പവിത്രയെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ട് ഹൗസിനടുത്ത് വച്ചാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ പുഴയോരത്ത് ചെരിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ പുഴയിൽ വീണതാകാമെന്ന സംശയത്തിൽ തലശേരി, മാഹി അഗ്നിരക്ഷാ സേനകളും സ്കൂബാ ഡൈവേഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി പുഴയിൽ വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വ്യക്തത വരുത്താമെന്ന നിഗമനത്തിലാണ് പോലീസ്.
തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഏറെക്കാലമായി ഈച്ചി ഭാഗത്ത് താമസിച്ചു വരികയായിരന്നു കുട്ടിയുടെ കുടുംബം. ശരവണൻ, കോകില എന്നിവർ സഹോദരങ്ങളാണ്.