ഡിഎല്‍എഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ഗൗരവമുള്ള പ്രശ്നമാണെന്ന് തോന്നുന്നില്ലെന്ന് ട്രഷറര്‍
Tuesday, June 18, 2024 3:47 PM IST
കൊച്ചി: കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ഫ്ലാറ്റ് അസോസിയേഷന്റെ ട്രെഷറര്‍. ഫ്ലാറ്റിന്റെ കുടിവെള്ളസ്രോതസില്നിന്ന് തന്നെയാവണം രോഗം പടര്‍ന്നതെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതൊരു ഗൗരവകരമായ പ്രശ്നമാണെന്ന് തോന്നുന്നില്ല. ഫ്ലാറ്റിലെ താമസക്കാരുടെ രോഗബാധയ്ക്ക് കാരണം ഇ-കോളി ബാക്ടീരിയ ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചില്ല. വിദഗ്ധമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കുടിവെള്ളത്തിന്റെ കാര്യത്തിലടക്കം ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായ പരിശോധന നടത്തി കുടിക്കാന്‍ കഴിയുന്ന ജലമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇപ്പോള്‍ ഫ്ലാറ്റിലേക്ക് ശുദ്ധജലമെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് 350 പേരാണ് ഛര്‍ദ്ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ അഞ്ച് വയസില്‍ താഴെയുള്ള 25 കുട്ടികളുമുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. കുടിവെള്ളത്തില്‍നിന്ന് രോഗബാധ ഉണ്ടായെന്നാണ് സംശയിക്കുന്നത്. ആരോഗ്യവകുപ്പ് സ്ഥലത്തെത്തി ജലസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്