പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്നാലെ ഇവിഎമ്മുകളെ തള്ളി ജഗന് മോഹന്‍ റെഡ്ഡി
Tuesday, June 18, 2024 2:31 PM IST
അമരാവതി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കരുതെന്നും പകരം ബാലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുന്‍ മന്ത്രി ജഗന് മോഹന്‍ റെഡ്ഡി. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ തന്നെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കണമെന്നും ലോകത്തെ ഭൂരിപക്ഷം ജനാധിപത്യ രാജ്യങ്ങളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു.
ഇവിഎമ്മുകളില്‍ കൃത്രിമം ചെയ്യാന്‍ സാധിക്കുമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഇവിഎമ്മിനെ ഉപേക്ഷിക്കണമെന്നും ചൂണ്ടികാട്ടി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് രംഗത്ത് വന്നിരുന്നു. എക്സിലിട്ട കുറിപ്പിലാണ് മസ്ക് ഇവിഎമ്മുകളെ തള്ളിപ്പറഞ്ഞത്.
മസ്കിന്റെ അഭിപ്രായത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ഇവിഎമ്മുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇവിഎമ്മുകളെ ബ്ലാക്ബോക്സ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ആര്‍ക്കും ഇവിഎമ്മുകളെ വിശദമായി പരിശോധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നതെന്നാണ് ഭരണപക്ഷ നേതാക്കള്‍ പറഞ്ഞത്. ഇവിഎമ്മുകള്‍ സുരക്ഷിതമാണെന്നും കൃത്രിമം ചെയ്യാനാകില്ലെന്നും ഇലക്ഷന് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.