കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Tuesday, June 18, 2024 6:04 AM IST
ബംഗുളൂരു: കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ബസ് ചാർജിൽ വിലവർധനയില്ലെന്നും ബന്ധപ്പെട്ട വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ അടുത്തിടെയുണ്ടായ ഇന്ധന വില വർധനവിനെ അദ്ദേഹം ന്യായീകരിച്ചു. ബിജെപി ഭരിക്കുന്ന മറ്റ് പല സംസ്ഥാനങ്ങളെക്കാളും കുറഞ്ഞ നിരക്കാണ് കർണാടകയിലെ ഇന്ധന വിലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാരന്റി പദ്ധതികൾക്കായാണ് ഇന്ധനവില വർധിപ്പിച്ചത്. മദ്യത്തിലൂടെയും ഇന്ധനത്തിലൂടെയും കൂടുതൽ വരുമാനം ഉണ്ടാക്കിയാൽ വികസന പ്രവർത്തനങ്ങൾ നടത്താം. ഈ സാഹചര്യത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജാതികളിലെയും സമുദായങ്ങളിലെയും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വേണ്ടിയുള്ള ഗ്യാരന്റി പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 60,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡീസൽ-പെട്രോൾ നികുതിയിലെ വർധനവ് 3,000 കോടി രൂപയുടെ അധിക വരുമാനം മാത്രമേ സൃഷ്ടിക്കൂ. എന്നാൽ ഞങ്ങൾ ഗ്യാരണ്ടി പദ്ധതികൾക്കായി 60,000 കോടി നൽകുന്നു. അതിനാൽ, സംസ്ഥാന സമ്പദ്വ്യവസ്ഥ പാപ്പരാണെന്ന പ്രതിപക്ഷ നേതാവ് ആർ.അശോകന്റെ മണ്ടൻ വാക്കുകൾക്ക് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ശനിയാഴ്ച പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.50 രൂപയും സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു.