ഹിമാചൽപ്രദേശിൽ കാർ പാലത്തിൽ ഇടിച്ച് തീപിടിച്ചു; മൂന്നുപേർക്ക് പരിക്ക്
Tuesday, June 18, 2024 12:28 AM IST
ഷിംല: ഹിമാചൽപ്രദേശിൽ കാർ പാലത്തിൽ ഇടിച്ച് തീപിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. നദൗൻ കസ്വയ്ക്ക് സമീപം ബിയാസ് നദിയിലെ പാലത്തിൽ ഇടിച്ചാണ് കാറിന് തീപിടിച്ചത്.
യാത്രക്കാർ കാറിന്റെ ചില്ല് തകർത്താണ് പുറത്തിറങ്ങിയത്. കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരും നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ജ്വാലാജിയിൽ നിന്ന് നദൗനിലേക്ക് പോകുകയായിരുന്നു ഇവർ.
അപകടത്തെ തുടർന്ന് ബഹളം കേട്ട് സമീപത്തെ ഹോട്ടലിലെ ജീവനക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാറിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും പുറത്തിറങ്ങുന്നത് കണ്ടത്. അവരാണ് പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.
ക്രെയിൻ ഉപയോഗിച്ച് കാർ റോഡിൽ നിന്ന് നീക്കിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.