ഡാര്‍ജിലിംഗ് ട്രെയിൻ അപകടം; സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തും
Monday, June 17, 2024 5:46 PM IST
കോൽക്കത്ത: ഡാർജിലിംഗ് ട്രെയിൻ അപകടത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞു.
അഗർത്തലയിൽ നിന്നും കോൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിൽ സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 15 പേർ മരിക്കുകയും അറുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 8.50 നുണ്ടായ അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ നാലു ബോഗികൾ തകർന്നു. മരിച്ചവരിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും, അസിസ്റ്റന്റും , കാഞ്ചൻജംഗ എക്സ്പ്രസിന്റെ ഗാർഡും ഉൾപ്പെടും.
മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും മന്ത്രി സഹായധനം പ്രഖ്യാപിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.