ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ ഭിന്നതയില്ലെന്ന് കെ.സി.ത്യാഗി
Monday, June 17, 2024 3:52 PM IST
പാറ്റ്ന: എന്‍ഡിഎ മുന്നണിയില്‍ ഭിന്നതയൊന്നുമില്ലെന്നും സഖ്യകക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും ജെഡി-യു നേതാവ് കെ.സി.ത്യാഗി. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ നിന്ന് ഒറ്റ സ്ഥാനാര്‍ത്ഥിയെ മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വീട്ടില്‍ ചേര്‍ന്ന സഖ്യകക്ഷികളുടെ യോഗത്തില്‍ ഈക്കാര്യത്തില്‍ തീരുമാനമായതാണെന്നും അദ്ദേഹം അറിയിച്ചു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ജെഡി-യു നേതാവിന്റെ പ്രതികരണം. ടിഡിപി അടക്കം സഖ്യത്തിലുള്ള എല്ലാ പാര്‍ട്ടികളും മുന്നണി തീരുമാനത്തിനൊപ്പമായിരിക്കുമെന്നും ത്യാഗി പറഞ്ഞു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിഡിപി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ സഖ്യം പിന്തുണയ്ക്കുമെന്ന ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ത്യാഗി.ജൂണ്‍ 26 നാണ് ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്.