ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
Monday, June 17, 2024 1:48 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. സാരമല്ലാത്ത പരിക്കുള്ളവർക്ക് 50000 രൂപയും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും യാത്രാ ട്രെയിനിന്റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം അറുപതായും ഉയർന്നു. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിരവധി പേര് ബോഗികള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാൽഗുരി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് സിഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ ഇടിച്ചുകയറിയെന്നാണ് വിവരം.